ഓർമ്മകൾക്കെന്തു സുഗന്ധം 

നേരം സന്ധ്യയോടടുത്തു.ആടിത്തിമിർത്തു പെയ്ത മഴ ഒട്ടൊന്നു ശമിച്ചു.ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികളും ഈറൻ മണ്ണിന്റെ മണവും കത്തിച്ചു വെച്ച വിളക്ക്ക്കിന്റെ പ്രകാശവുമൊക്കെ മനസ്സിൽ ഒരു നൊസ്റ്റാൽജിക്‌ മൂഡുണ്ടാക്കി.നേരമ്പൊക്കിനു വേണ്ടിയാണു പഴയ പുസ്തകങ്ങൾക്കിടയിൽ പരതിയത്‌.പണ്ടെഴുതിയ പൊട്ട കവിതകളും വലിയ ചിത്രകാരിയാകുമെന്ന ഭാവേന വരച്ച പടങ്ങളുമൊക്കെ പരിശോധിക്കെ ഭംഗി ഉള്ള ഒരു ചുവന്ന കവറിൽ കണ്ണുടക്കി.അതിനു പുറത്തു ഭംഗിയുള്ള കയ്യക്ഷരത്തിൽ മൂന്നു വാക്കുകൾ...'എന്റെ പൊന്നു മോൾക്ക്‌...'


നെഞ്ചിലൊരു കൊള്ളിയാൻ മിന്നിയോ???ഒരു പതിനഞ്ചു വര്ഷം പിന്നിലേക്കു പോയതു പോലെ...ഒരു പിറന്നാൾ ദിനത്തിൽ നിറഞ്ഞ പുഞ്ചിരിയോടെ ഒരു കുന്നോളം സ്നേഹത്തോടെ എന്റെ കൈകളിലേക്കു ഈ ചുവന്ന കവർ തരുന്ന ആ നിറസ്നേഹത്തെ കണ്ണുനിറയെ...അല്ല മനസ് നിറയെ ഞാൻ കണ്ടു ...എന്റെ അച്ഛൻ.വെളുപ്പിനെ കുളിച്ചു കുറിതൊട്ട് ഒരു കപ്പ്‌ ചൂട് ചായയും കൊണ്ട് വിളിച്ചുണർത്തി പിറന്നാളാശംസിക്കുന്ന എന്റെ അച്ഛൻ... 

എന്റെ ഓർമ പുസ്തകത്തിൽ ഏതാണ്ട് എല്ലാ താളുകളിലും അച്ഛൻ നിറഞ്ഞു നിൽക്കുന്നു.സ്കൂളിൽ പോകാനുള്ള തിരക്കിൽ പകുതി പിന്നിയ മുടിയുമായി അമ്മയുടെ പിറകെ നടക്കുമ്പോൾ,ഒരു ദോശ കൂടി കഴിപ്പിക്കാൻ തത്രപ്പെടുന്ന അച്ഛന്റെ വെപ്രാളം ഓർത്തപ്പോൾ മനസ്സിൽ നൊമ്പരം കലര്ന്ന ഒരു ചിരി പൊട്ടി.ഒന്ന് കുളിച്ചൊരുങ്ങി വരാൻ ഒരുപാട് നേരം വേണം എന്റെ അനിയത്തിക്കുട്ടിക്ക്."ശ്രീക്കുട്ടാ നേരമായി പെട്ടെന്ന് വാ " എന്നുറക്കെ വിളിക്കുന്ന അച്ഛന്റെ ശബ്ദം ഈ വീട്ടിലെന്നും മുഴങ്ങി കേട്ടിരുന്നു.എല്ലാ മാസാവസാന ദിവസവും ഞങ്ങൾക്കു ഉത്സവമായിരുന്നു. സ്കൂളിൽ കളർ ഡ്രസ്സ്‌ ഇടാൻ പറ്റുന്ന ഏക ദിവസം.അത് മാത്രമല്ല അന്ന് രാത്രി അച്ഛന്റെ വക ഹോട്ടലിൽ നിന്ന് പൊറോട്ടയും ജിഞ്ചർ ചിക്കനും കിട്ടും.നാവിലിന്നും ആ രുചി തങ്ങി നില്ക്കുന്നു. 

തലവേദന കാരണം എത്രയോ തവണ ഞാൻ തല കറങ്ങി വീണിരിക്കുന്നു!ഒരു മയില്പീലി എടുക്കുന്ന ലാഘവത്തോടെ എന്നെ താങ്ങിയെടുത്തിരുന്ന അച്ഛന്റെ കൈകളിലെ സുരക്ഷിതത്വം പറഞ്ഞു അറിയിക്കാനാവില്ല .ഞങ്ങളുടെ ഓരോ വിജയങ്ങളും ആത്മാഭിമാനത്തോടു കൂടി മറ്റുള്ളവരോട് പങ്കുവെച്ചിരുന്നു അച്ഛൻ.കുഞ്ഞുങ്ങളോട് ഒരു പ്രതേക വാത്സല്യമായിരുന്നു അച്ഛന് .കുറച്ചു നാടൻ പാട്ടുകളും ഒത്തിരി കഥകളും കളികളുമായി അവരിലൊരാളായി മാറുന്ന അച്ഛൻ,പവർ കട്ട്‌ സമയത്തുള്ള പതിവ് പരിപാടിയായ അന്താക്ഷരിയിൽ സ്ഥിരമായി 'പെരിയാറെ പെരിയാറെ' പാടുന്ന അച്ഛൻ...അമ്മ കാണാതെ അടുക്കളയിൽ കയറി വറുത്ത മീനും എരിശ്ശേരിയും കപ്പയുമൊക്കെ കട്ട് തിന്നുന്ന അച്ഛൻ....ഒടുവിൽ കുട്ടിത്തം മാറാത്ത പ്രായത്തിൽ മനസ്സിലുദിച്ച മഴവില്ല് കാട്ടി അതു വേണമെന്ന് വാശി പിടിച്ചപ്പോൾ,ഉള്ളിൽ പിടഞ്ഞ വേദന മറച്ചു വെച്ചു ആ മഴവില്ലിനെ സ്വന്തമാക്കാൻ അനുവദിച്ച എന്റെ അച്ഛൻ.ആ നന്മയുടെ അനുഗ്രഹമാകാം എന്റെ മഴവില്ലിന്നും ഏഴുനിറശോഭയോടെ ഹൃദയത്തിൽ ഉദിച്ചു നിൽക്കുന്നത്.  

ആ വസന്തകാലം അസ്തമിച്ചു.അച്ഛനെന്ന ഈശ്വരൻ ഇന്നില്ല.മരണമാകുന്ന അഗ്നി അച്ഛനെ എരിച്ചിട്ടു ഒരു വര്ഷം കഴിഞ്ഞു.അച്ഛനെ കുറിച്ചെഴുതാൻ ഈ പുസ്തക താളുകൾ പോരാതെ വരും.മാലയിട്ടു വെച്ചിരിക്കുന്ന അച്ഛന്റെ ഛായാച്ചിത്രത്തിന്റെ മുന്നിൽ അധിക നേരമിരിക്കാൻ എനിക്കിന്നുമാവില്ല.ശരീരമില്ലാതായെന്നു വെച്ചു ശരിക്കും എന്റെ അച്ഛൻ ഇല്ലാതാകുമോ?നമമൾ എന്നും ആരാധിക്കുന്ന ഈശ്വരന്മാർക്ക് ശരീരമുണ്ടോ? 


അച്ഛനെ ചിതയിലേക്കു എടുത്ത നിമിഷം വരെ മാത്രമേ അദ്ദേഹത്തെ ഓര്ത് ഞാൻ കരഞ്ഞിട്ടുള്ളു.കൂടെ തന്നെയുണ്ട്‌ എന്ന വിശ്വാസമാകാം പിന്നീടു ഒരിറ്റു കണ്ണുനീർ വീഴ്ത്തിയിട്ടില്ല ഞാൻ.മരിച്ചവർക്ക് ഒരുപാടു പ്രിയപ്പെട്ടവരെ കൊണ്ട് ബലിയിടീക്കില്ല എന്ന് കേട്ടിട്ടുണ്ട്.എന്റെ കാര്യത്തിൽ അത് പരമാർത്ഥമായി.അച്ഛൻ മരിച്ചു ഒരു വര്ഷം കഴിഞ്ഞപ്പോഴാണ് എനിക്ക് ബലിയിടാനായത്.അന്ന് അച്ഛന് വേണ്ടി ഒരുരുള ചോറുരുട്ടുമ്പോൾ കണ്ണ് നിറയെ ഞാൻ കണ്ടു എന്റെ അച്ഛനെ...പ്രസന്ന വദനനായി നെറ്റിയിൽ ഭസ്മക്കുറി ചാർത്തി ,കൈലാസ ശൃംഗങ്ങളിൽ,അച്ഛന്റെ എല്ലാമായ ശിവസന്നിധിയിൽ എന്റെ കൈയ്യിൽ നിന്ന് അന്നം വാങ്ങാൻ കാത്തു നില്ക്കുന്ന അച്ഛൻ...കാൻസർ കാർന്നു തിന്ന ശരീരത്തോടെയല്ല ,ഞങ്ങളുടെ പഴയ അച്ഛനായി,ഐശ്വര്യം വഴിയുന്ന മുഖഭാവത്തോടെ... 

ആ ഈശ്വരന്റെ അനുഗ്രഹത്താൽ ആകാം ഒരു കുഞ്ഞികാല് കാണാൻ കാത്തിരുന്ന ഞങ്ങള്ക്ക് ഒരു പൊന്നുണ്ണിയെ കിട്ടിയത്.അവന്റെ ഓരോ ചിരിയിലും കരച്ചിലിലുമൊക്കെ അച്ഛന്റെ സാന്നിധ്യം ഞാനനുഭവിക്കുന്നു.അച്ഛനെനിക്ക് തന്ന മുഴുവൻ സ്നേഹവും നല്കി ഞാനിവനെ വളർത്തും.അച്ഛനുള്ള എന്റെ കടം വീട്ടലാകട്ടെ അത്. 

സമയം ഒൻപതു കഴിഞ്ഞു എന്ന് തോന്നുന്നു.ടീവിയിൽ നിന്ന് 'പരസ്പരം' സീരിയലിന്റെ ടൈറ്റിൽ സൊങ്ങ് കേള്കുന്നു.കൈയിലിരുന്ന ആശംസ കാർഡിലെ ചിത്രം-അച്ഛനെ കെട്ടിപ്പിടിച്ചിരിക്കുന്ന ഒരു കുഞ്ഞു വാവ- എന്നെ നോക്കി പുഞ്ചിരിക്കുന്നു.കഴിഞ്ഞു പോയതൊന്നും ഇനി തിരിച്ചു കിട്ടില്ല എന്നറിയാം.എങ്കിലും,സന്ധ്യക്ക്‌ വിട പറയാൻ മടിച്ചു നില്ക്കുന്ന സൂര്യനെ പോലെ ഒരുത്സവ കാലത്തിന്റെ ഓർമ്മകൾ മനസ്സില് നിറഞ്ഞു നില്ക്കുന്നു.ചിന്തകൾക്കു വിരാമമിട്ടു ഞാനെഴുന്നേറ്റു.അച്ഛന്റെ മണമുള്ള ആ ആശംസ കാർഡ്‌ ഹൃദയതോടടക്കി പിടിച്ചു കൊണ്ട് ഒരു നിമിഷം കണ്ണടച്ചു.ഒരേ ഒരു പ്രാർത്ഥന മാത്രം...ഇനിയുമൊരു ജന്മമുണ്ടെങ്കിൽ ആ പുണ്യാത്മാവിന്റെ മകളായി തന്നെ ജനിക്കണേ!!!